ദുബൈയിൽ മഴ കനക്കും; കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യത
ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ ഫുജൈറയിലെ തീരപ്രദേശങ്ങൾക്ക് സമീപം കനത്ത മഴ ആരംഭിച്ചു. ഇത് ദൃശ്യപരതയിൽ കാര്യമായ കുറവുണ്ടാക്കി. ദുബൈയിലെ ചില ഭാഗങ്ങളിലും കിഴക്കൻ തീരമേഖലകളിലും നേരിയ ചാറ്റൽമഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരും. രാജ്യമെങ്ങും താപനിലയിൽ ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയത്. ഖോർ ഫക്കാനിലെയും ഫുജൈറയിലെയും ചില ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു.
ഈ ആഴ്ച മുഴുവൻ അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ തീരപ്രദേശങ്ങളിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എൻ.സി.എം. ആവശ്യപ്പെട്ടു.
