കുവൈത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
കുവൈത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരം മുതൽ അസ്ഥിര കാലാവസ്ഥ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴ വെള്ളിയാഴ്ച ഉച്ചവരെ തുടരാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെടാമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.
വ്യാഴാഴ്ച രാത്രി അസ്ഥിര കാലാവസ്ഥ തുടരുമെന്നും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും അറിയിച്ചു. ഇതോടെ കടൽ പ്രക്ഷുബ്ധമാകുകയും തിരമാലകൾ ഏഴ് അടിയിലധികം ഉയരുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ ക്രമേണ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
