റിയാദ് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

  1. Home
  2. International

റിയാദ് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

kuwait rain


സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ഈ മാസം 23 വരെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രത്യേകിച്ചും വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയാദ് നഗരം കൂടാതെ അൽ ദലം, അൽ മുസാഹ്മിയ, ദിർമ, മറാത്ത്, ഷഖ്‌റ, അൽ ഗാത്, അൽ സുൽഫി, അൽ മജ്മഅ, താദിഖ്, ഹുറൈംല, ദറഇയ, റുമാഹ്, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ റൈൻ, ഹവ്ത ബാനി തമീം, അൽ ഹരീഖ്, അൽ ഖർജ് തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും മഴ ബാധിക്കുക. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.

സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ, വാദികൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രളയസാഹചര്യങ്ങൾ ഒഴിവാക്കാൻ വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് വിഭാഗം പൂർണ്ണ സജ്ജമാണെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.