ഖത്തറിലെ ഹെലിക്കോപ്റ്റർ അപകടം; ഖത്തറിനും തുർക്കിക്കും അനുശോചനം അറിയിച്ച് ബഹ്‌റൈൻ
ഖത്തർ സമുദ്രപരിധിയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഖത്തറിനും തുർക്കിക്കും ബഹ്‌റൈൻ അനുശോചനം അറിയിച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുരാജ്യങ്ങളിലെയും സർക്കാരുകളെയും ജനങ്ങളെയും ദുഃഖമറിയിച്ചത്. ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
സൈനികരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഖത്തർ തീരത്ത് തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് ഖത്തർ സ്വദേശികളും മൂന്ന് തുർക്കി സ്വദേശികളുമാണ് അപകടത്തിൽ മരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബഹ്‌റൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾക്കിടയിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ബഹ്‌റൈന്റെ ഈ നീക്കം. അപകടത്തെക്കുറിച്ച് ഖത്തർ സൈനിക അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.
English Slug: Bahrain offers condolences to Qatar and Turkey over helicopter crash; Seven soldiers killed.
