വ്യോമയാന മേഖലയിൽ ചരിത്രനേട്ടം; ആദ്യ വനിതാ എൻജിനീയറിങ് ബാച്ച് പുറത്തിറക്കി റിയാദ് എയർ
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ ആദ്യ വനിതാ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് ബാച്ച് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. കമ്പനി ആസ്ഥാനത്ത് സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ 26 വനിതാ എഞ്ചിനീയർമാർ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
'കോളജസ് ഓഫ് എക്‌സലൻസ്', 'ഗ്ലോബൽ ടെക്‌നിക്കൽ കോളജ്' എന്നിവയുമായി സഹകരിച്ചാണ് റിയാദ് എയർ ഈ പ്രത്യേക പരിശീലന പ്രോഗ്രാം സംഘടിപ്പിച്ചത്. വ്യോമയാന മേഖലയിലെ സാങ്കേതിക വിഭാഗത്തിൽ സ്വദേശി വനിതകളെ ശാക്തീകരിക്കുന്നതിനും സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഈ നേട്ടം വഴിവെക്കുമെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് അത്യാധുനികവും സുശക്തവുമായ എയർക്രാഫ്റ്റ് മെയിന്റനൻസ് സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഈ പദ്ധതി വലിയ സംഭാവന നൽകുമെന്ന് റിയാദ് എയർ ടാലന്റ് അക്വിസിഷൻ സീനിയർ വൈസ് പ്രസിഡന്റ് നഹാർ അൽജുഹനി പറഞ്ഞു. 'നവാത്' ബിരുദാനന്തര പരിശീലനം, കേബിൻ ക്രൂ പ്രോഗ്രാം, സ്കോളർഷിപ്പ് പദ്ധതികൾ തുടങ്ങി സ്വദേശി പ്രതിഭകൾക്കായി റിയാദ് എയർ നടപ്പാക്കുന്ന നിരവധി മുൻനിര സംരംഭങ്ങളുടെ ഭാഗമായാണ് ഈ ബിരുദദാന ചടങ്ങും നടന്നത്.
