ഹോളിവുഡ് ഇതിഹാസ താരവും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് അന്തരിച്ചു

  1. Home
  2. International

ഹോളിവുഡ് ഇതിഹാസ താരവും ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് അന്തരിച്ചു

chuck norris


ഹോളിവുഡ് ആക്ഷൻ സിനിമകളിലെ വിസ്മയവും ലോകപ്രശസ്ത ആയോധനകലാ വിദഗ്ധനുമായ ചക് നോറിസ് (86) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ അവിചാരിതമായാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. കാർലോസ് റേ 'ചക്' നോറിസ് എന്ന അദ്ദേഹം 'വാക്കർ, ടെക്‌സാസ് റേഞ്ചർ' എന്ന ടിവി പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധേയനായത്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

1940 മാർച്ച് 10-ന് ഒക്‌ലഹോമയിലെ റയാനിൽ ജനിച്ച കാർലോസ് റേ നോറിസ്, അമേരിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിക്കവെയാണ് 'ചക്' എന്ന പേര് സ്വീകരിച്ചത്. കൊറിയയിലെ സൈനിക സേവനത്തിനിടയിലാണ് അദ്ദേഹം ആയോധനകലകളിൽ പരിശീലനം നേടിയത്. സിനിമാലോകത്തേക്ക് എത്തുന്നതിന് മുമ്പ് ആറ് തവണ ലോക പ്രൊഫഷണൽ മിഡിൽവെയിറ്റ് കരാട്ടെ ചാമ്പ്യനായിരുന്ന അദ്ദേഹം, അമാനുഷിക കരുത്തുള്ള പോരാളിയെന്ന നിലയിൽ ഇന്റർനെറ്റ് ലോകത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പുത്തൻ തലമുറയ്ക്കും സുപരിചിതനാണ്.

ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ലോകമറിയുന്ന ആക്ഷൻ താരമായി വളർന്ന ചക് നോറിസിന്റെ വിയോഗം സിനിമാ-കായിക ലോകത്തിന് വലിയ നഷ്ടമാണ്. സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.