പക്ഷാഘാതം ബാധിച്ച രോഗിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഹോം നഴ്സ്; 10 വർഷം തടവുശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു

  1. Home
  2. International

പക്ഷാഘാതം ബാധിച്ച രോഗിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഹോം നഴ്സ്; 10 വർഷം തടവുശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു

bah


ബഹ്റൈനിൽ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സ്വദേശി പൗരന്റെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഏഷ്യൻ വംശജയായ ഹോം നഴ്സിന്റെ ജയിൽ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഹൈ ക്രിമിനൽ അപ്പീൽ കോടതിയാണ് പ്രതിക്ക് വിചാരണ കോടതി നേരത്തെ വിധിച്ച 10 വർഷം കഠിനതടവും 5,000 ബഹ്റൈനി ദിനാർ പിഴയും പൂർണ്ണമായി ശരിവെച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

താൻ പരിചരിച്ചിരുന്ന രോഗിയുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് പ്രതി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കിടപ്പിലായ രോഗിയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ നഴ്സ്, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി അനധികൃതമായി പണം കൈമാറുകയായിരുന്നു. ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി ഫോണിലേക്ക് വരുന്ന ഒടിപി (OTP) രോഗി അറിയാതെ കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ഇതുവഴി ഏകദേശം 25,750 ബഹ്റൈനി ദിനാർ (ഏകദേശം 57 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇവർ പലതവണയായി കവർന്നു. രോഗിയുടെ അക്കൗണ്ടിൽ നിന്ന് ആദ്യം തന്റെ ബഹ്റൈനിലെ ബാങ്ക് അക്കൗണ്ടിലേക്കും, അവിടെനിന്ന് പിന്നീട് സ്വന്തം നാട്ടിലേക്കും ഇവർ പണം കടത്തുകയായിരുന്നു. പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതോതിൽ പണം തുടർച്ചയായി നഷ്ടപ്പെടുന്നത് രോഗിയുടെ മകന്റെ ശ്രദ്ധയിൽ പെട്ടതാണ് കേസിൽ വഴിത്തിരിവായത്. ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗവും പബ്ലിക് പ്രോസിക്യൂഷനും നടത്തിയ സാങ്കേതിക പരിശോധനയിലാണ് നഴ്സ് നടത്തിയ ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.