ഹോർമുസ് തുറക്കാം, യുദ്ധം അവസാനിപ്പിക്കാം; ആണവ ചർച്ചകൾ പിന്നീടാകാമെന്ന് ഇറാൻ; പുതിയ സമാധാന നിർദേശം
മധ്യപൂർവ്വേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദേശങ്ങൾ വെച്ച് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നും എന്നാൽ ആണവ പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്നുമാണ് ഇറാന്റെ നിലപാട്. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ ഈ നിർദേശം ട്രംപ് ഭരണകൂടത്തിന് കൈമാറിയതെന്ന് അമേരിക്കൻ മാധ്യമമായ 'Axios' റിപ്പോർട്ട് ചെയ്യുന്നു.
ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്നും യുദ്ധം അവസാനിപ്പിക്കാനോ ദീർഘകാലത്തേക്ക് വെടിനിർത്തൽ നീട്ടാനോ തയ്യാറാണെന്നുമാണ് ഇറാന്റെ വാഗ്ദാനം. എന്നാൽ കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാനുമേലുള്ള ഉപരോധങ്ങൾ അമേരിക്ക നീക്കം ചെയ്യണമെന്നും ഇതിന് ശേഷം മാത്രമേ ആണവ ചർച്ചകളിലേക്ക് കടക്കൂ എന്നും ഇറാൻ വ്യക്തമാക്കുന്നു. അതേസമയം, ഇറാന്റെ ഈ നിർദേശങ്ങളോട് ട്രംപ് ഭരണകൂടം അനുകൂലമായല്ല പ്രതികരിക്കുന്നത് എന്നാണ് സൂചനകൾ. ഉപരോധം പിൻവലിക്കുന്നത് ഭാവിയിലുള്ള ചർച്ചകളിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കുമെന്ന് ട്രംപ് പക്ഷം കരുതുന്നു. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നതിനാണ് അമേരിക്ക നിലവിൽ മുൻഗണന നൽകുന്നത്. കൂടാതെ ഇറാനിയൻ എണ്ണ കയറ്റുമതി തടയുന്ന നാവിക ഉപരോധം തുടരാനാണ് താൽപ്പര്യമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഉപരോധം ശക്തമാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇറാൻ വഴങ്ങുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ പാകിസ്താൻ സന്ദർശിച്ചതും സമാധാന രൂപരേഖ ചർച്ച ചെയ്തതും ഈ നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ്. ശനിയാഴ്ച യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരദ് കഷ്‌നർ എന്നിവർ പാകിസ്താനിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അരാഗ്ചി അതിന് മുൻപേ ഒമാനിലേക്ക് പോയതിനെ തുടർന്ന് ട്രംപ് ഈ യാത്ര റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച അരാഗ്ചി മോസ്‌കോയിലെത്തി വ്‌ളാദിമിർ പുതിനുമായി ചർച്ച നടത്തിയേക്കും.
