നാളെ മുതൽ കടുത്ത വേനൽക്കാലം; താപനില 50 ഡിഗ്രി കടന്നേക്കുമെന്ന് മുന്നറിയിപ്പ്

  1. Home
  2. International

നാളെ മുതൽ കടുത്ത വേനൽക്കാലം; താപനില 50 ഡിഗ്രി കടന്നേക്കുമെന്ന് മുന്നറിയിപ്പ്

oman heat


യു.എ.ഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ കാലഘട്ടത്തിന് നാളെ (ജൂലൈ 3) തുടക്കമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. പരമ്പരാഗതമായി കടുത്ത ചൂടും വരണ്ട കാറ്റും സമ്മാനിക്കുന്ന ‘ജംറത്ത് അൽ ഖൈത്ത്’ സീസൺ ആരംഭിക്കുന്നതോടെ ചില മരുഭൂമി പ്രദേശങ്ങളിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ കടന്നേക്കും. മിഥുനം രാശിയിലെ ആദ്യ നക്ഷത്രം പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്നതോടെയാണ് ആഗസ്റ്റ് 10 വരെ നീളുന്ന ഈ സീസണിന് തുടക്കമാകുന്നത്. ഗൾഫിലെ പരമ്പരാഗത വേനൽക്കാലത്തിന്‍റെ രണ്ടാം ഘട്ടമാണിത്​.

'വേനൽക്കാലത്തെ കനലുകൾ' എന്നാണ് ജംറത്ത് അൽ ഖൈത്ത് എന്നതിന്‍റെ അർഥമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. അറേബ്യൻ ഉപദ്വീപിൽ ജൂലൈ പകുതിയോടെ ആരംഭിച്ച്​, വർഷത്തിലെ ഏറ്റവും ചൂടേറിയ 40 ദിവസത്തെ കാലയളവിനെയാണ് ഈ പേരിൽ വിളിക്കുന്നത്. ഈ സീസണിൽ കടുത്ത ചൂടുള്ളതും വരണ്ടതുമായ ‘സമൂം’ കാറ്റ്​ പതിവായിരിക്കും. പ്രാദേശികമായി ‘വഗ്‌റത്ത് അൽ ഖൈത്ത്' എന്നറിയപ്പെടുന്ന ഉഷ്ണതരംഗങ്ങളും ഈ സമയത്ത് സാധാരണമാണ്.

ജൂലൈ 16-ന് മിഥുനം രാശിയിലെ നക്ഷത്രങ്ങളിൽ ആദ്യത്തേതായ ‘അൽ ഹഖ്അ’ ദൃശ്യമാകുന്നതോടെയാണ് ഈ സീസൺ ഔദ്യോഗികമായി ആരംഭിക്കുന്നത്. തുടർന്ന് ജൂലൈ 29-ന് ‘അൽ മിർസാം’ ദൃശ്യമാകും. ആഗസ്റ്റ് 11-ന് കർക്കടകം രാശിയിലെ ‘അൽ നത്‌റ’ ദൃശ്യമാകുന്നതോടെ ഈ കടുത്ത വേനൽക്കാലം അവസാനിക്കും. ഇത് യു.എ.ഇയിലെ കടുത്ത ചൂടിന്‍റെ പരമാവധിയെയും ഉയർന്ന ഹ്യൂമിഡിറ്റിയുടെ (ആർദ്രത) തുടക്കത്തെയുമാണ് കുറിക്കുന്നത്. ഇതിനുശേഷമായിരിക്കും പരമ്പരാഗത വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിന് തുടക്കമാകുക.