എണ്ണച്ചോർച്ചയെത്തുടർന്ന് അടച്ചിട്ട റാസൽഖൈമയിലെ ഹോട്ടൽ ബീച്ചുകൾ തുറന്നു
എണ്ണച്ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ എല്ലാ ഹോട്ടൽ ബീച്ചുകളും സന്ദർശകർക്കായി വീണ്ടും തുറന്നു. എമിറേറ്റിലെ പൊതുസേവന വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായി പാലിക്കണമെന്ന് വകുപ്പ് വ്യക്തമാക്കി.
ഒക്ടോബർ 23-ന് ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപം ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് ഒക്ടോബർ 24 മുതലാണ് റാസൽഖൈമയിലെ മുഴുവൻ ബീച്ചുകളും അടച്ചിട്ടത്.
ഈ മാസം ആദ്യം ഫ്ലെമിംഗോ ബീച്ച്, ദഹാൻ ബീച്ച്, അൽ മെയ്രീദ് ബീച്ച്, അൽ റാംസ് കോർണിഷ് എന്നിവയ്‌ക്കൊപ്പം അനന്താര മിന അൽ അറബ്, ഇന്റർകോണ്ടിനെന്റൽ മിന അൽ അറബ്, ദി കോവ് റൊട്ടാന എന്നീ റിസോർട്ടുകളുടെ ബീച്ചുകളും തുറന്നുകൊടുത്തിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ശേഷിക്കുന്ന ഹോട്ടൽ ബീച്ചുകളും സന്ദർശകർക്കായി തുറന്നത്.
