സൗദിയിൽ ഹൂതി ആക്രമണം: മരണം രണ്ടായി; കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ

  1. Home
  2. International

സൗദിയിൽ ഹൂതി ആക്രമണം: മരണം രണ്ടായി; കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ

IMAGE


സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പരിക്കേറ്റവരിലും രണ്ട് ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. നേരത്തെ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടർന്ന് ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

അതേസമയം, സൗദിയിലെ ശൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലും ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ പൗരനും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ എണ്ണപ്പാടത്തെ സംസ്‌കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തിരുന്നു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ഇന്ത്യക്കാരന് വിദഗ്ധ ചികിത്സ നൽകിവരികയാണ്.

മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ അത്യാവശ്യമല്ലാത്ത സർക്കാർ ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക നിർദേശം നൽകി. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലുടനീളമുള്ള മടങ്ങിപ്പോക്ക് ഉത്തരവുകളെക്കുറിച്ച് പ്രചരിക്കുന്ന മറ്റ് മാധ്യമ റിപ്പോർട്ടുകൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.