സൗദിയിലെ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ
സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഖത്തർ, സൗദി അറേബ്യയ്ക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
