സൗദിയിലേക്ക് അഞ്ചാം ദിവസവും തുടർച്ചയായി ഹൂതി ആക്രമണം; റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്
സൗദി അറേബ്യയുടെ സിവിലിയൻ പ്രദേശങ്ങളും ഊർജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ആക്രമണം അഞ്ചാം ദിവസവും തുടരുന്നു. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ ആക്രമണങ്ങളിൽ റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് സ്ത്രീകടൾക്കും കുട്ടിക്കും പുരുഷനുമുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ സമീപത്തെ 15 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദഹ്റാനിലെ അരാംകോ (Aramco) ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിന് ചെറിയ തോതിൽ തീപിടിച്ചെങ്കിലും സൗദി സഖ്യസേനയും സിവിൽ ഡിഫൻസും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.റിയാദിന് പുറമെ ഖമീസ് മുശൈത്, ദമ്മാം, അൽഅഹ്സ എന്നിവിടങ്ങളിലേക്കും ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. സൗദി വ്യോമ പ്രതിരോധ സേന ഭൂരിഭാഗം മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകർത്തെങ്കിലും, ചിലയിടങ്ങളിൽ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നു.
ആക്രമണ സാധ്യത മുൻനിർത്തി ദമ്മാം എയർപോർട്ടിൽ താൽക്കാലിക സർവീസ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആക്രമണങ്ങളെ പൂർണ്ണമായും പ്രതിരോധിച്ചതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. അതേസമയം, യെമനിൽ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുള്ള സഖ്യസേനയുടെ വ്യോമാക്രമണവും പ്രത്യാക്രമണങ്ങളും ശക്തമായി തുടരുകയാണ്.
