സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; ആറ് ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി വ്യോമസേന
സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന തകർത്തു. ഹൂതി കേന്ദ്രങ്ങളിൽ നിന്ന് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടഞ്ഞു നിർത്തി നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സഖ്യസേന ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ ത്വാഇഫ്, യാംബു എന്നീ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ നീക്കം. ഹൂതി മിലിഷ്യ തുടർച്ചയായി നടത്തുന്ന നിയമലംഘനങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശക്തവും കർശനവുമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സഖ്യസേന വ്യക്തമാക്കി.
