ഹൂതികളുടെ മിസൈൽ ആക്രമണം; റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബദൽ സംവിധാനങ്ങളൊരുക്കി സൗദി

  1. Home
  2. International

ഹൂതികളുടെ മിസൈൽ ആക്രമണം; റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബദൽ സംവിധാനങ്ങളൊരുക്കി സൗദി

FLIGHT


ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ റദ്ദാക്കേണ്ടി വന്ന വിമാന സർവീസുകൾക്ക് ബദൽ ക്രമീകരണങ്ങൾ ആരംഭിച്ചു. ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട അബഹ, ജിസാൻ വിമാനത്താവളങ്ങളിലെ സർവീസുകൾ ഇതോടെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്. റദ്ദാക്കിയ സർവീസുകൾക്ക് പകരമുള്ള പ്രത്യേക വിമാനങ്ങൾ നാളെ മുതൽ സർവീസ് ആരംഭിക്കും.

ഹൂതികളുടെ മിസൈൽ ആക്രമണം പ്രധാനമായും ബാധിച്ചത് അബഹ, ജിസാൻ വിമാനത്താവളങ്ങളിലെ സർവീസുകളെയാണ്. ഇതിൽ അബഹയിൽ നിന്നുള്ള മൂന്ന് ദിവസത്തെ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇവിടെ യാത്ര മുടങ്ങിയവർക്കായി ഏർപ്പെടുത്തിയ ബദൽ സർവീസുകൾ ഇന്ന് മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. പുനഃക്രമീകരിച്ച വിമാന സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചുതുടങ്ങിയിട്ടുണ്ട്.

യമനിലെ സൻആ വിമാനത്താവളത്തിന്റെ റൺവേയിൽ യമൻ സൈന്യം നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇറാനിൽ നിന്ന് തിരികെയെത്തിയ ഹൂതി സംഘം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളം യമൻ ഭരണകൂടത്തിന്റേതാണെന്ന് വാദിച്ചായിരുന്നു സൈനിക നടപടി. യമൻ ഭരണകൂടത്തിന് സൗദി അറേബ്യയുടെ പിന്തുണയുണ്ട്. ഈ ആക്രമണത്തിന് പിന്നിൽ സൗദിയാണെന്ന് ആരോപിച്ചാണ് ഹൂതികൾ സൗദി വിമാനത്താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് വിമാനത്താവളങ്ങളുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയത്.