സൗദിക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; ഡ്രോണുകൾ തകർത്തതായി സഖ്യസേന
സൗദി അറേബ്യയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. റിയാദിലെ അരാംകോ എണ്ണക്കമ്പനി കേന്ദ്രം, ഖമീസ് മുശൈത്തിലെ വ്യോമതാവളം, ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി അറിയിച്ചു. എന്നാൽ, റിയാദിലും കിഴക്കൻ മേഖലയിലും എത്തിയ ഡ്രോണുകൾ ആകാശത്തുവെച്ചുതന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. മക്കയെ ലക്ഷ്യമിട്ട് മിസൈലുകൾ പ്രയോഗിച്ചെന്ന വാർത്ത ഹൂതി വക്താവ് നിഷേധിച്ചു.
ഹൂതി ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ യെമൻ സർക്കാർ സ്വാഗതം ചെയ്തു. എങ്കിലും, ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കാത്തതിൽ യെമൻ അതൃപ്തി അറിയിച്ചു. ചെങ്കടൽ മേഖലയിൽ ഹൂതികൾ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. അതേസമയം, യെമനുമേലുള്ള ഉപരോധം സുരക്ഷാ കൗൺസിൽ പുതുക്കിയതിന് പിന്നാലെ ഹൂതികൾക്ക് ആയുധ നിർമ്മാണ സാമഗ്രികൾ ലഭിക്കുന്നത് തടയാൻ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബ്രിട്ടനും വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടിരുന്നു. ഇതോടെ പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണ കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈൻ വഴിയാണ് സൗദി ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് എത്തിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനത്തോളം വരുന്ന ഈ പൈപ്പ്ലൈൻ ലക്ഷ്യമിട്ടുള്ള ആക്രമണ നീക്കം അന്താരാഷ്ട്ര എണ്ണ വിപണിയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
