യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളിൽ വൻ മാറ്റം! ഇനി കാലാവധി ഒരു വർഷം മുതൽ പത്ത് വർഷം വരെ.
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനും പുതുക്കാനും ഒരുങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ പുതിയ നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞിരിക്കണം. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടപ്രകാരം ലൈസൻസിന്റെ കാലാവധി പ്രായവും പൗരത്വവും താമസസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷമായിരിക്കും ലൈസൻസിന്റെ കാലാവധി. 21 വയസ്സ് കഴിഞ്ഞ് ആദ്യമായി ലൈസൻസ് എടുക്കുന്നവർക്ക് രണ്ട് വർഷത്തെ കാലാവധി ലഭിക്കും.എന്നാൽ പുതുക്കുമ്പോൾ യുഎഇ പൗരന്മാർക്കും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും പത്ത് വർഷം കാലാവധിയുള്ള ലൈസൻസുകൾ ലഭിക്കും. ഇവ പിന്നീട് അതേ കാലാവധിയിലേക്ക് പുതുക്കാവുന്നതുമാണ്. യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് അഞ്ച് വർഷം കാലാവധിയുള്ള ലൈസൻസുകളാണ് ലഭിക്കുക. ഇവയും അതേ കാലാവധിയിലേക്ക് പുതുക്കാവുന്നതാണ്.
