റാസല്‍ഖൈമയില്‍ വാടകനിർക്കിൽ വൻ വർദ്ധനവ്
റാസൽഖൈമ എമിറേറ്റിലെ വിനോദസഞ്ചാര, വിനോദ വ്യവസായ മേഖലകളിലെ കുതിച്ചുചാട്ടം താമസകേന്ദ്രങ്ങളുടെ വാടക നിരക്കിലും വലിയ വർദ്ധനവിനു കാരണമാകുന്നു. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ താമസസ്ഥലം ലഭ്യമായിരുന്ന റാസൽഖൈമയിലെ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത അവസ്ഥയും ഉയർന്ന വാടകയും പ്രവാസികൾക്കും കുടുംബങ്ങൾക്കും തിരിച്ചടിയാകുന്നു.
വിവിധ വൻകിട നിർമ്മാണ പ്രവൃത്തികൾക്കായി തൊഴിലാളികളും പ്രൊഫഷണലുകളും കൂട്ടത്തോടെ എമിറേറ്റിലേക്ക് എത്തുന്നതാണ് ഡിമാൻഡ് വർദ്ധിക്കാൻ പ്രധാന കാരണം. മുൻപ് കുടുംബങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്‌ക്കെടുത്തിരുന്ന വില്ലകളും ഫ്ലാറ്റുകളും നിർമ്മാണ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി മൊത്തമായി ഏറ്റെടുക്കുന്നത് നിക്ഷേപകർക്ക് നേട്ടമാകുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് ഇത് പ്രതിസന്ധിയാണ്.
നിലവിലെ വാടക നിരക്കുകൾ (വാർഷികം):
-
പഴയ കെട്ടിടങ്ങൾ: 14,000-18,000 ദിർഹത്തിൽ നിന്ന് 22,000-25,000 ആയി ഉയർന്നു.
-
സ്റ്റുഡിയോ ഫ്ലാറ്റുകൾ: 15,000 - 25,000 ദിർഹം.
-
1 BHK: 22,000 - 35,000 ദിർഹം.
-
2 BHK: 30,000 - 45,000 ദിർഹം.
-
3 BHK: 38,000 - 60,000 ദിർഹം.
-
വില്ലകൾ: 55,000 - 90,000 ദിർഹം.
-
ലക്ഷ്വറി പ്രോപ്പർട്ടികൾ: 1,00,000 ദിർഹത്തിന് മുകളിൽ.
കഴിഞ്ഞ വർഷം അപ്പാർട്ട്‌മെന്റ് വാടകയിൽ 14.5 ശതമാനവും വില്ലകളുടെ വാടകയിൽ 11.3 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയതായി 'ബയുത്ത്' (Bayut) റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശ നിക്ഷേപകരുടെ താൽപ്പര്യവും വാട്ടർഫ്രണ്ട് വികസന പദ്ധതികളും റിയൽ എസ്റ്റേറ്റ് വിപണിയെ കൂടുതൽ സജീവമാക്കുന്നുണ്ട്.
