സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; വളർച്ച 199 ശതമാനം

  1. Home
  2. International

സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; വളർച്ച 199 ശതമാനം

saudi train


സൗദി അറേബ്യയിൽ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം അഞ്ച് കോടിക്കടുത്ത് യാത്രക്കാരാണ് റെയിൽവേ സേവനം പ്രയോജനപ്പെടുത്തിയത്. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 199 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

റിയാദ് മെട്രോയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. ഏകദേശം 3.2 കോടി ആളുകൾ റിയാദ് മെട്രോ ഉപയോഗിച്ചതായാണ് കണക്ക്. നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ട്രെയിനുകളിൽ 29 ലക്ഷത്തിലധികം പേരും, പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ 23 ലക്ഷം യാത്രക്കാരും സഞ്ചരിച്ചു. യാത്രാ സേവനങ്ങൾക്ക് പുറമെ ചരക്ക് നീക്കത്തിലും റെയിൽവേ വലിയ മുന്നേറ്റം നടത്തി. 40 ലക്ഷം ടണ്ണിലധികം ചരക്കുകളാണ് ഇക്കാലയളവിൽ കൈകാര്യം ചെയ്തത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതും മെട്രോ ശൃംഖലകളുടെ വിപുലീകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. സുരക്ഷിതവും വേഗതയേറിയതുമായ യാത്ര ഉറപ്പാക്കുന്നതിലൂടെ കൂടുതൽ ആളുകൾ റെയിൽവേയെ ആശ്രയിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.