'എല്ലാ സംഘർഷങ്ങളേയും അതിജീവിക്കും'; സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി എസ്&പി ഗ്ലോബൽ

  1. Home
  2. International

'എല്ലാ സംഘർഷങ്ങളേയും അതിജീവിക്കും'; സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് A+ ആയി നിലനിർത്തി എസ്&പി ഗ്ലോബൽ

saudi


പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിങ് 'A+' ആയി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (S&P Global). വെല്ലുവിളികളെ അതിജീവിക്കാനുള്ള സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തും സർക്കാർ നടപ്പിലാക്കുന്ന സുശക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികളുമാണ് ഈ മികച്ച റേറ്റിങ്ങിന് ആധാരമായത്. നിലവിലെ പ്രാദേശിക വെല്ലുവിളികൾ മാർച്ചോടെ അവസാനിക്കുമെന്നും രാജ്യം കൂടുതൽ സുരക്ഷിതമായ സാമ്പത്തിക പാതയിലേക്ക് നീങ്ങുമെന്നും ഏജൻസി വിലയിരുത്തുന്നു.

എണ്ണക്കയറ്റുമതിക്കായി ചെങ്കടലിലെ യാമ്പു തുറമുഖം പോലുള്ള ബദൽ മാർഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൗദിയുടെ ശേഷി ആഗോള വിപണിയിൽ രാജ്യത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എണ്ണയിതര വരുമാനത്തിലുണ്ടായ വമ്പിച്ച വർധനവിനെ റിപ്പോർട്ട് പ്രത്യേകം പ്രശംസിച്ചു. 2018-ൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 65 ശതമാനമായിരുന്ന എണ്ണയിതര മേഖലയുടെ പങ്ക് ഇപ്പോൾ 70 ശതമാനമായി ഉയർന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 പദ്ധതികൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണിത്.

2026-ൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 4.4 ശതമാനം വരെ ഉയരുമെന്നാണ് എസ് ആൻഡ് പി പ്രവചിക്കുന്നത്. വൻകിട വികസന പദ്ധതികളും വിദേശ നിക്ഷേപ സൗഹൃദ നയങ്ങളും സൗദിയുടെ സാമ്പത്തിക ഭദ്രത വരും വർഷങ്ങളിലും ഉറപ്പാക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും സൗദി കൈവരിക്കുന്ന ഈ നേട്ടം മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും മാതൃകയാണ്.