ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘വീറ്റോ’ പ്രയോഗിക്കും; മുന്നറിയിപ്പുമായി ട്രംപ്
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്താലും തനിക്കോ റിപ്പബ്ലിക്കൻ ഭരണകൂടത്തിനോ എതിരെ കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങളെ 'വീറ്റോ' (Veto) അധികാരം ഉപയോഗിച്ച് തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തനിക്ക് സാധിക്കുമെന്നും, 'വീറ്റോ' എന്ന പരമാധികാരം തന്റെ കൈയിലുണ്ടെന്നും സി.ബി.എസ് ന്യൂസിന് (CBS News) നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
പ്രതിപക്ഷം ഇരുസഭകളിലും ഭൂരിപക്ഷം നേടിയാൽ, വരാനിരിക്കുന്ന ചർച്ചകളിൽ താൻ 'മിസ്റ്റർ വീറ്റോ' എന്ന് അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ട്രംപ് പറഞ്ഞു. തുടർച്ചയായി വീറ്റോ പ്രയോഗിച്ച് നിയമനിർമ്മാണങ്ങൾ തടയുമ്പോൾ, ഒടുവിൽ പ്രതിപക്ഷം തങ്ങളുമായി ധാരണകൾക്കും ഒത്തുതീർപ്പുകൾക്കും നിർബന്ധിതരാകുമെന്നാണ് അമേരിക്കൻ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റുകൾ ഭരണകൂടത്തിന്റെ നയങ്ങളെ തടയാൻ ശ്രമിക്കുകയാണെങ്കിൽ കുടിയേറ്റം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ (Executive Orders) കൂടുതൽ കർശന നടപടികൾ കൈക്കൊള്ളാനാണ് വൈറ്റ് ഹൗസ് പ്ലാൻ ചെയ്യുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ റസ്സൽ വോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ചർച്ചകൾ നടക്കുന്നത്. പ്രതിപക്ഷം ജയിച്ചാലും അതിർത്തി സുരക്ഷ, വിദേശനയം, ഫെഡറൽ ഭരണനിർവഹണം, ദേശീയ സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാനാകില്ലെന്നും ട്രംപ് ആവർത്തിച്ചു.
