ഗതാഗത നിയമലംഘന പിഴ പെരുകിയാൽ പിടിവീഴും; വാഹനം പിടിച്ചെടുക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുക കുതിച്ചുയർന്നാൽ വാഹനം കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്ന് ദുബായ് പോലീസ്. പിഴ തുക 6,000 ദിർഹത്തിൽ കവിഞ്ഞാൽ വാഹനം പിടിച്ചെടുക്കാൻ നിയമം അനുശാസിക്കുന്നു. 2023-ലെ ഡിക്രി നമ്പറുകൾ പ്രകാരമാണ് നടപടി. അതേസമയം, പിഴ കുടിശ്ശിക വരുത്താതെ 3, 6, 9 അല്ലെങ്കിൽ 12 മാസത്തെ പലിശരഹിത ഗഡുക്കളായി അടച്ചുതീർക്കാനുള്ള സൗകര്യം ഉടമകൾക്ക് പ്രയോജനപ്പെടുത്താമെന്ന് പോലീസ് വ്യക്തമാക്കി.
അനുമതിയില്ലാതെ റോഡ് റേസിംഗിൽ പങ്കെടുക്കുക, അശ്രദ്ധമായി വാഹനമോടിച്ച് ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുക, റെഡ് സിഗ്നൽ മറികടക്കുക, വ്യാജമോ മറച്ചതോ ആയ നമ്പറുകൾ ഉപയോഗിക്കുക, പോലീസിനെ വെട്ടിച്ച് കടന്നുകളയുക, 18 വയസിന് താഴെയുള്ളവർ വാഹനമോടിക്കുക തുടങ്ങിയ ഗുരുതര ലംഘനങ്ങൾക്കും വാഹനം പിടിച്ചെടുക്കും.
നിയമലേഖനത്തിന്റെ സ്വഭാവമനുസരിച്ച് 90 ദിവസം വരെ ജയിൽ ശിക്ഷയും ലഭിക്കാം. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ നിയമലംഘനത്തിന്റെ തോതനുസരിച്ച് 50,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ ഭീമമായ പിഴ അടക്കേണ്ടി വരും.
