മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും ‘സ്‌കോംബ്രോയ്ഡ് പോയിസണിങ്’; ഒമാന്റെ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും ‘സ്‌കോംബ്രോയ്ഡ് പോയിസണിങ്’; ഒമാന്റെ ജാഗ്രതാ നിർദ്ദേശം

oman


മത്സ്യം വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൃത്യമായ താപനിലയിൽ റഫ്രിജറേറ്റ് ചെയ്യാത്ത മത്സ്യങ്ങൾ ഉപയോഗിക്കുന്നത് വഴി ‘സ്‌കോംബ്രോയ്ഡ് പോയിസണിങ്’ (Scombroid Poisoning) എന്ന ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ട്യൂണ, അയല, സൂത, നെയ്മീൻ തുടങ്ങിയ ‘സ്‌കോംബ്രോയ്ഡേ’ കുടുംബത്തിൽപ്പെട്ട മത്സ്യങ്ങൾ ആവശ്യത്തിന് തണുപ്പില്ലാതെ സൂക്ഷിക്കുമ്പോഴാണ് അവയിൽ ‘ഹിസ്റ്റമിൻ’ (Histamine) എന്ന വിഷാംശം രൂപപ്പെടുന്നത്. മത്തി പോലുള്ള മത്സ്യങ്ങളിലും ഇത് സംഭവിക്കാം. സാധാരണ ബാക്ടീരിയകളെപ്പോലെയല്ല, ഈ വിഷാംശം മത്സ്യം നന്നായി പാകം ചെയ്താലോ പിന്നീട് ഫ്രീസ് ചെയ്താൽ പോലുമോ നശിച്ചുപോകില്ല എന്നതാണ് ഇതിന്റെ പ്രധാന അപകടസാധ്യത.

വിഷാംശമുള്ള മത്സ്യം കഴിച്ച് മിനിറ്റുകൾക്കകം തന്നെ ശരീരത്തിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അലർജിക്ക് സമാനമായി മുഖം ചുവന്നുതുടുക്കുക, അമിതമായ ചൂടും തലവേദനയും അനുഭവപ്പെടുക, തലകറക്കം, നെഞ്ചിടിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചൊറിച്ചിലും തടിപ്പും, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. അസുഖം കഠിനമായാൽ ശ്വാസതടസ്സത്തിന് വരെ ഇത് കാരണമായേക്കാം.

നല്ലപോലെ ഐസിലിട്ട് സൂക്ഷിച്ച മത്സ്യങ്ങൾ മാത്രം വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. മത്സ്യത്തിന്റെ മണം, രുചി, രൂപം എന്നിവയിൽ നേരിയ വ്യത്യാസം തോന്നിയാൽ പോലും ഉപയോഗിക്കരുത്. മത്സ്യം പിടികൂടുന്നത് മുതൽ പാകം ചെയ്യുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ തണുപ്പ് നിലനിർത്തുക മാത്രമാണ് ഹിസ്റ്റമിൻ രൂപപ്പെടുന്നത് തടയാനും ഈ ഭക്ഷ്യവിഷബാധ ഒഴുവാക്കാനുമുള്ള ഒരേയൊരു മാർഗ്ഗമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.