മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം; ഇറാന് അന്ത്യശാസനവുമായി ട്രംപ്, 'സർപ്രൈസ്' ഉണ്ടെന്ന് ഇറാനും

  1. Home
  2. International

മൂന്ന് ദിവസത്തിനകം കരാറില്ലെങ്കിൽ കടുത്ത ആക്രമണം; ഇറാന് അന്ത്യശാസനവുമായി ട്രംപ്, 'സർപ്രൈസ്' ഉണ്ടെന്ന് ഇറാനും

  trump 


ഇറാനെതിരെ പരസ്യമായ സൈനിക നീക്ക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ, ഇറാൻ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്തവിധം കടുത്ത സൈനിക ആക്രമണം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. എന്നാൽ അമേരിക്കയുടെ ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്നും യുഎസിനായി വലിയൊരു 'സർപ്രൈസ്' കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു.

ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്താനിരുന്ന വലിയ തോതിലുള്ള വ്യോമാക്രമണം മൂന്ന് പ്രമുഖ ഗൾഫ് രാജ്യങ്ങളുടെ സവിശേഷമായ നയതന്ത്ര അഭ്യർത്ഥന മാനിച്ചാണ് താൽക്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ തലവന്മാർ വിഷയത്തിൽ ഇടപെടുകയും ചർച്ചകൾക്കായി അല്പം കൂടി സമയം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഈ താമസം താൽക്കാലികം മാത്രമാണെന്നും ആക്രമണത്തിനുള്ള അന്തിമ ഉത്തരവ് ഏതു നിമിഷവും പുറപ്പെടുവിക്കാൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായും അവസാനിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അധിനിവേശത്തിന് മുതിർന്നാൽ തകർത്തുകളയും'; ഇറാൻ

അമേരിക്കയുടെ ഈ അന്ത്യശാസനത്തിന് തൊട്ടുപിന്നാലെ കടുത്ത പ്രതിരോധവുമായി ഇറാൻ രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും ബലിനൽകിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്ക വീണ്ടുമൊരു അധിനിവേശത്തിന് മുതിർന്നാൽ രാജ്യം ഭയങ്കരമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ സായുധ സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അഖ്‌റമി നിയ മുന്നറിയിപ്പ് നൽകി.

ശക്തിയുടെയും ഭീഷണിയുടെയും ഭാഷ മാത്രമാണ് ട്രംപിന് മനസിലാകുന്ന ഒരേയൊരു മാധ്യമമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി മേധാവി ഇബ്രാഹിം അസീസി കുറ്റപ്പെടുത്തി. ഉപരോധങ്ങൾക്കും ഭീഷണികൾക്കും തങ്ങളെ കീഴ്‌പ്പെടുത്താനാകില്ലെന്നും യുദ്ധമുണ്ടായാൽ തങ്ങൾ കരുതിവെച്ചിരിക്കുന്ന വലിയ 'സർപ്രൈസ്' അമേരിക്കയ്ക്ക് കാണാമെന്നും ഇറാൻ ഭരണകൂടം ഓർമ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്.