നിയമങ്ങൾ ലംഘിച്ചാൽ വിസ നഷ്ടപ്പെടും; ഇന്ത്യൻ വിദ്യാർഥികൾക്ക് യു.എസ് എംബസിയുടെ മുന്നറിയിപ്പ്
അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും വിദേശ പൗരന്മാർക്കും കർശന മുന്നറിയിപ്പുമായി യു.എസ് എംബസി രംഗത്തെത്തി. നിയമലംഘനങ്ങൾ വിസ റദ്ദാക്കുന്നതിലേക്കും നാടുകടത്തലിലേക്കും നയിക്കുമെന്നും, യു.എസ് വിസ എന്നത് ഒരു വ്യക്തിയുടെ അവകാശമല്ല മറിച്ച് രാജ്യം നൽകുന്ന ആനുകൂല്യം മാത്രമാണെന്നും എംബസി ഓർമ്മിപ്പിച്ചു. അമേരിക്കയിൽ വെച്ച് നിയമലംഘനം നടത്തുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള വിസ ഉടൻ റദ്ദാക്കപ്പെടും. കൂടാതെ, ഭാവിയിൽ അമേരിക്കയിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് ദീർഘകാല യാത്രാ നിരോധനം ഏർപ്പെടുത്താനും നിയമമുണ്ട്.
കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 26 മുതൽ അമേരിക്കയിലെ എല്ലാ എൻട്രി, എക്സിറ്റ് പോയിന്റുകളിലും നിർബന്ധിത ബയോമെട്രിക് പരിശോധന നടപ്പിലാക്കുന്നുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുന്ന യു.എസ് പൗരന്മാരല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ളവർ ഈ പരിശോധനയ്ക്ക് വിധേയരാകണം. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും ഈ പുതിയ സുരക്ഷാ നിയമം ബാധകമാണെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ ബയോമെട്രിക് സംവിധാനം. ഇതിനുപുറമെ എച്ച്1ബി (H1B) വിസ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഐ.ടി ജീവനക്കാരെയും ബാധിച്ചേക്കാം. പഠനത്തിനോ ജോലിക്കോ ആയി അമേരിക്കയിൽ എത്തുന്നവർ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അത് അവരുടെ കരിയറിനെയും വിദേശയാത്രകളെയും എന്നെന്നേക്കുമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
