ഏപ്രിൽ ഫൂൾ ആക്കാൻ നോക്കിയാൽ അകത്താകും; കനത്ത മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ

  1. Home
  2. International

ഏപ്രിൽ ഫൂൾ ആക്കാൻ നോക്കിയാൽ അകത്താകും; കനത്ത മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ

jail


ഏപ്രിൽ ഫൂൾ ദിനത്തിൽ തമാശയ്ക്കാണെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിന് ജയിൽ ശിക്ഷയും വൻ തുക പിഴയും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

നർമ്മത്തിനായി പങ്കുവെക്കുന്ന കാര്യങ്ങളും മനഃപൂർവ്വം ദോഷം വരുത്തുന്ന ഉള്ളടക്കങ്ങളും തമ്മിൽ നിയമപരമായി വേർതിരിവുണ്ടാവില്ല. രണ്ടിനെയും ക്രിമിനൽ കുറ്റമായാണ് പരിഗണിക്കുക. ഏപ്രിൽ ഒന്നിന് കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.

ശിക്ഷാ നടപടികൾ:

  • തടവും പിഴയും: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ.
  • സ്ഥാപനങ്ങൾക്കെതിരായ നീക്കം: രാജ്യത്തെ ഔദ്യോഗിക അതോറിറ്റികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയാൽ ശിക്ഷ കൂടും. ഇത്തരം കേസുകളിൽ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയും ലഭിക്കാം.

പൊതുജനങ്ങളെ പരിഭ്രാന്തരാക്കുക, പൊതുക്രമത്തിന് ഭീഷണിയാവുക, പൊതുജനാരോഗ്യത്തെയോ സാമ്പത്തിക ക്രമത്തെയോ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ നൽകുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. തമാശയ്ക്ക് ചെയ്തതാണെന്ന വാദം നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്നും ഷാർജ പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.