ഇംറാൻ ഖാന് നേത്രചികിത്സ; ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ ജയിലിലേക്ക് മാറ്റി
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ കണ്ണിന് ചികിത്സ നൽകുന്നതിനായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു. വലത് കണ്ണിലെ റെറ്റിനയെ ബാധിച്ച അസുഖത്തെ തുടർന്ന് കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സകൾ അദ്ദേഹത്തിന് നൽകി. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തെ കനത്ത സുരക്ഷയിലാണ് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചത്.
കുത്തിവെപ്പിന്റെ രണ്ടാം ഡോസ് നൽകുന്നതിനൊപ്പം തന്നെ ഇംറാൻ ഖാന്റെ ഹൃദയ പരിശോധനയും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധനകൾക്ക് ശേഷം ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഉച്ചയോടെ തന്നെ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
ഇംറാൻ ഖാന്റെ കാഴ്ചശക്തിയിൽ പുരോഗതിയുണ്ടെന്ന് പാക് മന്ത്രി താരിഖ് ഫസൽ ചൗധരി അറിയിച്ചു. വിവിധ കേസുകളിൽ പ്രതിയായി ദീർഘകാലമായി ജയിൽവാസം അനുഭവിക്കുകയാണ് അദ്ദേഹം. ഇടയ്ക്കിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് പി.ടി.ഐ പ്രവർത്തകർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
