പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം

  1. Home
  2. International

പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം

PTI


പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം. 70 സീറ്റുകളിലെ ഫലം വന്നപ്പോള്‍ പിടിഐ 24 സീറ്റുകളും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 24 സീറ്റും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് ഷെരീഫ്) 18 സീറ്റും വീതം നേടി. മറ്റുള്ളവര്‍ നാലു സീറ്റുകളിലും വിജയം നേടി. ഇനി 195 സീറ്റുകളിലെ ഫലം കൂടി പുറത്ത് വരാനുണ്ട്.

ഇതിനിടെ നവാസ് ഷെരീഫിനോട് തോല്‍വി അംഗീകരിക്കാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി രംഗത്തെത്തി. 'പാകിസ്താനിലെ ജനങ്ങള്‍ നിങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. ജനാധിപത്യവാദിയെന്ന നിലയില്‍ അന്തസ് വീണ്ടെടുക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. പകല്‍വെളിച്ചത്തിലുള്ള കൊള്ളയെ പാകിസ്താന്‍ ഒറ്റക്കെട്ടായി നിരാകരിക്കാന്‍ പോകുകയാണെ'ന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഫലം പ്രഖ്യാപിച്ച ലാഹോര്‍ സീറ്റില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 50,000ത്തോളം വോട്ടുകള്‍ക്ക് വിജയിച്ചു. അടുത്തിടെ പിടിഐ ചെയര്‍മാനായി നിയമിതനായ ഗോഹര്‍ അലി ഖാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനറില്‍ നിന്നും വിജയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അലി ഖാനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയിലേയ്ക്ക് 5,121 സ്ഥാനാര്‍ത്ഥികളും പ്രവിശ്യകളിലേക്ക് 12,695 സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.