10 വർഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ചു; യുഗാണ്ടയിൽ നരഭോജി പിടിയിൽ
കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ പ്രമുഖ സീരിയൽ കൊലപാതകി യുഗാണ്ടയിൽ സുരക്ഷാസേനയുടെ പിടിയിലായി. മുജുറിസി മോസസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ മസാക്ക, ഇബാൻഡ, കസോ എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് ഇയാൾ തുടർച്ചയായ കൊലപാതകങ്ങൾ നടത്തിയതായി യുഗാണ്ട സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ എക്സിലൂടെ (X) സ്ഥിരീകരിച്ചു.
വീടുകളിൽ അതിക്രമിച്ചു കയറി വെട്ടുകത്തി ഉപയോഗിച്ച് കുടുംബങ്ങളെ ഒന്നാകെ കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ കയറി കുടുംബാംഗങ്ങളെ മുഴുവൻ വെട്ടിക്കൊലപ്പെടുത്തിയതാണ് ക്രൂരമായ സംഭവങ്ങളിലൊന്ന്. കൂടാതെ പ്രണയം നടിച്ച് വശീകരിച്ചും ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നു.
മുൻപും പലതവണ പിടികൂടിയിരുന്നെങ്കിലും ദുരൂഹ സാഹചര്യത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ താമസസ്ഥലത്തുനിന്ന് നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പരസ്യവിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ ഉറപ്പാക്കുമെന്ന് സൈനിക മേധാവി വ്യക്തമാക്കി.
