യുഎഇയിൽ കുട്ടികൾക്ക് ഇനി മുൻസീറ്റിലും യാത്ര ചെയ്യാം! ; പുതിയ നിബന്ധനകൾ ജനുവരി മുതൽ
കാറിന്റെ മുൻസീറ്റിൽ കുട്ടികളെ ഇരുത്താമോ? യുഎഇയിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ നിയമം വരുന്നു.2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ഗതാഗത നിയമപ്രകാരം, പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കോ കുറഞ്ഞത് 145 സെന്റീമീറ്റർ ഉയരമുള്ള കുട്ടികൾക്കോ മുൻസീറ്റിൽ യാത്ര ചെയ്യാം. ഇതിനായി പ്രായവും ഉയരവും ഒരേസമയം പാലിക്കണമെന്നില്ല. ഇതിൽ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചാൽ മതിയാകും.
അതേസമയം, നാല് വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമാണ്. കുട്ടിയുടെ പ്രായത്തിനും ഉയരത്തിനും ഭാരത്തിനും അനുയോജ്യമായ സീറ്റ് പിൻഭാഗത്താണ് ഘടിപ്പിക്കേണ്ടത്.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം സേഫ്റ്റി സീറ്റ് ഉപയോഗിക്കാൻ കഴിയാത്ത കുട്ടികൾക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ് ലഭിക്കും. ഈ സാഹചര്യത്തിൽ കുട്ടിക്കൊപ്പം മറ്റൊരാൾ പിൻസീറ്റിൽ ഉണ്ടായിരിക്കണം.പിൻസീറ്റില്ലാത്ത വാഹനങ്ങളിൽ മുൻസീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കാം. പക്ഷേ, സീറ്റ് പിൻവശത്തേക്ക് അഭിമുഖമായി സ്ഥാപിക്കുകയും എയർബാഗ് പ്രവർത്തനരഹിതമാക്കുകയും വേണം.
