യുഎഇയിൽ ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴിൽ കരാറിൽ മാറ്റം വരുത്താനാകില്ല
തൊഴിൽ നിയമങ്ങൾ കർശനമാക്കി യുഎഇ സർക്കാർ. ഇനി തൊഴിലാളികളുടെ രേഖാമൂലമൂള്ള സമ്മതമില്ലാതെ തൊഴുലുടമകൾക്ക് തൊഴുൽ കരാറിൽ മാറ്റം വരുത്താൻ സാധിക്കില്ല. ജോലി, ശമ്പളം, ആനുകൂല്യങ്ങൾ, ജോലി സമയം തുടങ്ങിയ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെങ്കിൽ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
കരാറിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ, പുതിയ നിബന്ധനകൾ ഉൾപ്പെടുത്തി ഇരുകക്ഷികളും ഒപ്പുവെച്ച പുതുക്കിയ കരാർ തയ്യാറാക്കണം. ഈ മാറ്റങ്ങൾ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (MOHRE) നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിരിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
ഇനി,തൊഴിൽ കരാറിൽ തൊഴിലാളികളുടെ സമ്മതമില്ലാതെ മാറ്റം വരുത്തുകയോ തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ചെയ്താൽ,അത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട തൊഴിലാളിക്ക് MoHRE-യിൽ പരാതി നൽകാം. അവിടെ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കിൽ കേസ് തൊഴിൽ കോടതിക്ക് കൈമാറും. തൊഴിൽ നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും, തൊഴിൽ ബന്ധത്തിൽ സുതാര്യതയും പരസ്പര സമ്മതവും പാലിക്കേണ്ടത് നിർണായകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
