മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12-ൽ എത്താതെ മലയാളി സുന്ദരി കെസിയ ലിസ് മെജോ പുറത്ത്
75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ ടോപ് 12 റൗണ്ടിൽ എത്താതെ പുറത്തായി. അവസാന 30 പേരുടെ പട്ടികയിൽ ഇടംപിടിച്ചെങ്കിലും, മത്സരം 12 പേരിലേക്ക് ചുരുങ്ങിയതോടെയാണ് 19-കാരിയായ കെസിയ പുറത്തായത്. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന വേദിയിൽ, മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവുമായാണ് കെസിയ എത്തിയത്.
ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെസിയ ടോപ് 30-ൽ ഇടംനേടിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഇന്ത്യയുടെ വൈവിധ്യവും സമന്വയിപ്പിച്ച ദേശീയ വേഷവും, ഇലക്ട്രിക് ബ്ലൂ സ്വിം സ്യൂട്ടും, ഗോൾഡൻ എംബ്രോയ്ഡറിയുള്ള ഈവനിങ് ഗൗണും വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെസിയ മത്സരത്തിന് മുന്നോടിയായി പ്രതികരിച്ചിരുന്നു.
ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ കെസിയയുടെ ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും അബുദാബിയിലായിരുന്നു. നിലവിൽ ബംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായ കെസിയ ക്ലാസിക്കൽ നർത്തകിയും മോഡലുമാണ്. 2024-ൽ മിസ് ടീൻ ദിവ കിരീടവും 2025-ൽ മിസ് ടീൻ ഇന്റർനാഷണൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും നേടിയിട്ടുണ്ട്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാലാം മിസ് യൂണിവേഴ്സ് കിരീടം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം.
