നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് സഹായവുമായി ഇന്ത്യ. ഇതുവരെ 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് സാങ്കേതിക സംഘങ്ങളെയും ഫോറൻസിക് വിദഗ്ധരെയും ഉപകരണങ്ങളെയും അയച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു.
11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വിമാനം ഞായറാഴ്ച നേപ്പാളിലെത്തി. തുരങ്കങ്ങളിലെ തെരച്ചിൽ-രക്ഷാപ്രവർത്തനത്തിനുള്ള സാങ്കേതിക സംഘം, ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധർ എന്നിവർക്കൊപ്പം പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, തുരങ്ക എൻജിനീയർമാർ എന്നിവരടങ്ങുന്ന 11 അംഗ ഇന്ത്യൻ സാങ്കേതിക സംഘം വെള്ളിയാഴ്ച കാഠ്മണ്ഡുവിലെത്തിയിരുന്നു. ശനിയാഴ്ച നുവാകോട്ട് ജില്ലയിലെ പ്രളയബാധിത ത്രിശൂലി മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ സംഘം പരിശോധന നടത്തി. രക്ഷാപ്രവർത്തനത്തിന് മുന്നോടിയായി ചിലിമെ, ലാങ്ടാങ് മേഖലകളിൽ വ്യോമനിരീക്ഷണവും നടത്തി.
രാജ്യത്തെ വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്ന് 191 തൊഴിലാളികളെ ഇതിനകം രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം അറിയിച്ചു. എന്നാൽ നിരവധി പേർ ഇപ്പോഴും തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുള്ള റാസുവ ജില്ലയിൽ അപ്പർ ത്രിശൂലി-1, ത്രിശൂലി-3എ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട തുരങ്കങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
തുരങ്ക പ്രവേശന കവാടങ്ങളിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ഭോട്ടെകോശി, ത്രിശൂലി നദീതടങ്ങളിലൂടെ ബുധനാഴ്ച കുത്തിയൊഴുകിയ പ്രളയത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും റോഡുകൾ, പാലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
