സുരക്ഷാ ഭീഷണി: ബംഗ്ലാദേശിലെ രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങൾ ഇന്ത്യ അടച്ചുപൂട്ടി
ബംഗ്ലാദേശിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രസ്താവനകളും കണക്കിലെടുത്ത് രാജ്യത്തെ രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങൾ ഇന്ത്യ അടച്ചുപൂട്ടി. രജ്ഷാഹി, ഖുൽന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് താൽക്കാലികമായി പ്രവർത്തനമവസാനിപ്പിച്ചത്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഭീഷണികളും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രസ്താവനകളുമാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത്.
ബംഗ്ലാദേശ് നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്‌നത്ത് അബ്ദുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (സെവൻ സിസ്റ്റേഴ്സ്) ലക്ഷ്യമിട്ട് നടത്തിയ ഭീഷണി പ്രസംഗം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെയും കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാലാണ് വിസ കേന്ദ്രങ്ങൾ അടയ്ക്കാൻ തീരുമാനിച്ചത്.
