ബഹ്‌റൈന് ഐക്യദാർഢ്യവുമായി ഇന്ത്യ; ഹമദ് രാജാവുമായി ഫോണിൽ സംസാരിച്ച് മോദി
ബഹ്‌റൈന് നേരെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചത്. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു. കൂടാതെ, ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ അദ്ദേഹം രാജാവിനോട് നന്ദി രേഖപ്പെടുത്തി.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും പ്രധാനമന്ത്രി ഇന്ന് സംസാരിക്കുകയും സൗദിക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ബഹ്‌റൈന് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ ഹമദ് രാജാവുമായി ഫോണിൽ സംസാരിച്ച് തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ബഹ്‌റൈന് എല്ലാവിധ സഹായങ്ങളും ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
