കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലാർ സേവനം: ജൂലൈ നാല് വരെ അടിയന്തര കേസുകൾക്ക് മാത്രം

  1. Home
  2. International

കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലാർ സേവനം: ജൂലൈ നാല് വരെ അടിയന്തര കേസുകൾക്ക് മാത്രം

indian passport


ഭരണപരമായ കാരണങ്ങളാൽ കോൺസുലാർ സേവനങ്ങൾ അടിയന്തര കേസുകൾക്ക് മാത്രമായി കുവൈത്തിലെ ഇന്ത്യൻ എംബസി താത്കാലികമായി പരിമിതപ്പെടുത്തി. ജൂലൈ 2 മുതൽ ജൂലൈ 4 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കാണ് ഈ താല്കാലിക ക്രമീകരണം ബാധകമാകുക. അടിയന്തര സാഹചര്യങ്ങളിൽ സേവനം തേടുന്ന അപേക്ഷകർ അത് തെളിയിക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കണമെന്ന് എംബസി ബുധനാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തത്കാൽ പാസ്‌പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ, സിവിൽ ഐഡി (Civil ID) കാലാവധി അവസാനിക്കാറായവർക്കുള്ള ഷോർട്ട് വാലിഡിറ്റി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ് അടിയന്തര സേവനങ്ങളുടെ പരിധിയിൽ വരുന്നത്. അതേസമയം, സാധാരണ പാസ്‌പോർട്ടുകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, സ്റ്റാൻഡേർഡ് വിസ പ്രോസസ്സിങ് എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ ദിവസങ്ങളിൽ സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ഇല്ല. കുവൈത്തിലെ എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും (ICAC) ജൂലൈ രണ്ട്‌ മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

അടിയന്തരമായി കോൺസുലാർ സഹായം ആവശ്യമുള്ളവർക്ക് രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ എംബസിയുടെ കോൺസുലാർ വിങ് നേരിട്ട് സന്ദർശിക്കാവുന്നതാണ്. എന്നാൽ കൃത്യമായ രേഖകളുള്ള അടിയന്തര കേസുകൾ മാത്രമേ ഈ സമയത്ത് പരിഗണിക്കൂ. സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും, പൗരന്മാർ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രം ഇതിനായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.