ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം; ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി, എത്രയും വേഗം രാജ്യം വിടാനും നർദ്ദേശം
ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലെബനനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി. ലെബനനില്‍ കഴിയുന്ന ഇന്ത്യക്കാരോട് അതീവ ജാഗ്രത പാലിക്കാനും എത്രയും വേഗം രാജ്യം വിടാനും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
'ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്തും ഇന്ത്യന്‍ പൗരന്മാര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇതിനകം ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനന്‍ വിടണം. ഏതെങ്കിലും കാരണവശാല്‍ അവിടം വിട്ടുപോകാന്‍ കഴിയാത്തവര്‍ അതീവ ജാഗ്രത പാലിക്കണം. കൂടാതെ പുറത്തിറങ്ങിയുള്ള സഞ്ചാരം പരമാവധി നിയന്ത്രിക്കണം. സഹായം വേണ്ടവര്‍ ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ഇ-മെയില്‍ ഐഡി വഴി ബന്ധപ്പെടാവുന്നതാണ്. cons.beirut@mea.gov.in അല്ലെങ്കില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ +96176860128 വഴി ബന്ധപ്പെടാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.'- ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.