ഹോർമുസിലെ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യക്കാരൻ മരിച്ചു; മരണം സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

  1. Home
  2. International

ഹോർമുസിലെ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യക്കാരൻ മരിച്ചു; മരണം സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

strait of hormuz


ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം വാണിജ്യ ചരക്കുകപ്പലായ 'ജിഎഫ്എസ് ഗാലക്സി'ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചതായി സ്ഥിരീകരണം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്ഥിരീകരിച്ചത്. ഈ കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് ഇന്ത്യൻ ജീവനക്കാരെ നേരത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ഈ മാസം 12-നാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതും ഇദ്ദേഹത്തെ കാണാതായതും. മരിച്ച ജീവനക്കാരന്റെ കുടുംബത്തെ അനുശോചനമറിയിച്ച കോൺസുലേറ്റ്, യു.എ.ഇയിലെ ഷിപ്പിങ് കമ്പനിയുമായി സഹകരിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു.

അതിനിടെ, കഴിഞ്ഞദിവസം ഹോർമുസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ പരിക്കേറ്റ 10 ഇന്ത്യക്കാരെ യു.എ.ഇയിലെ ഫുജൈറ, ഖൊർഫക്കാൻ, ദിബ്ബ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെയും കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് ജീവനക്കാരെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സന്ദർശിച്ചു. യു.എ.ഇയുടെ 'മംബാസ', 'അൽബഹയ' എന്നീ എണ്ണ ടാങ്കറുകളിലെ ജീവനക്കാരാണ് ഇവർ.

ഈ ആക്രമണത്തിലും ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. രണ്ട് കപ്പലുകളിലുമായി ആകെ ഉണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഇവരുടെ നാട്ടിലേക്കുള്ള മടക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.