ഇന്ത്യൻ പാസ്‌പോർട്ട് നിരക്ക് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്ക് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. നീണ്ട 14 വർഷങ്ങൾക്ക് ശേഷമുള്ള ഈ വലിയ വർദ്ധനവ് ഇന്ന് (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുന്നതിനൊപ്പമാണ് ഈ നിരക്ക് മാറ്റവും വരുന്നത്. അബുദാബി എംബസി, ദുബായ് കോൺസുലേറ്റ് ഉൾപ്പെടെ യുഎഇയിലെ എല്ലാ ഔദ്യോഗിക കേന്ദ്രങ്ങൾക്കും ഇത് ബാധകമായിരിക്കും.
പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവരുടെ സാധാരണ 36 പേജ് പാസ്‌പോർട്ടിന് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി തുക ഉയർന്നു; ഇതിന്റെ തത്കാൽ നിരക്ക് 900 ദിർഹമാണ്. 60 പേജുള്ള വലിയ പാസ്‌പോർട്ടിന് സാധാരണ നിരക്ക് 630 ദിർഹവും തത്കാലിന് 1080 ദിർഹവുമാണ്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ പുതിയത് എടുക്കാൻ സാധാരണ അപേക്ഷയ്ക്ക് 36 പേജിന് 900 ദിർഹവും 60 പേജിന് 1,080 ദിർഹവും നൽകണം (തത്കാലിൽ ഇത് 1,350 ദിർഹവും 1,530 ദിർഹവുമായി ഉയരും).
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാധാരണ പാസ്‌പോർട്ട് നിരക്ക് 325 ദിർഹമായും തത്കാൽ നിരക്ക് 775 ദിർഹമായും ഉയർത്തിയിട്ടുണ്ട്. കുട്ടികളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ സാധാരണയ്ക്ക് 775 ദിർഹവും തത്കാലിന് 1,225 ദിർഹവുമാകും. എന്നാൽ എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10% ഇളവുണ്ട് (സാധാരണയ്ക്ക് 295 ദിർഹം, തത്കാലിന് 700 ദിർഹം). പി.സി.സി (PCC), പാസ്‌പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ് നിരക്കുകൾ 145 ദിർഹമായും അടിയന്തര യാത്രാ രേഖകൾക്ക് 60 ദിർഹവും തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾക്ക് 180 ദിർഹവുമായാണ് പുതുക്കിയത്. അടിസ്ഥാന നിരക്കുകൾക്ക് പുറമെ സർവീസ് ചാർജും പ്രവാസി ക്ഷേമ നിധിയും വെവ്വേറെ നൽകണം.
