യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവനങ്ങളുടെ കരാർ മാറുന്നു; ഈ മാസം 25 മുതൽ ബി.എൽ.എസ് അപ്പോയിന്റ്‌മെന്റുകൾ നിർത്തിവെക്കും
യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ബി.എൽ.എസ് (BLS) കേന്ദ്രങ്ങൾ ഈ മാസം 25 മുതൽ അപേക്ഷകർക്ക് പുതിയ അപ്പോയിന്റ്‌മെന്റുകൾ നൽകുന്നത് നിർത്തിവെക്കും. സേവനങ്ങളുടെ പുറംകരാർ (Outsourcing Contract) പുതിയ കമ്പനി ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ താൽക്കാലിക ക്രമീകരണം. ഇതോടെ ജൂൺ 26 മുതൽ 30 വരെയുള്ള അഞ്ച് ദിവസങ്ങളിൽ പുതിയ പാസ്‌പോർട്ട് അപേക്ഷകൾ, പാസ്‌പോർട്ട് പുതുക്കൽ, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
എന്നാൽ ഈ ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ അപേക്ഷകർക്ക് അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജൂലൈ 1 മുതൽ പുതിയ പോർട്ടൽ; അടിയന്തര സഹായത്തിന് നമ്പറുകൾ
ജൂലൈ ഒന്നാം തീയതി മുതൽ സേവനങ്ങളുടെ ഔദ്യോഗിക കരാർ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്' ഏറ്റെടുക്കും. അപേക്ഷകർക്ക് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടൽ ജൂലൈ 1 മുതൽ സജ്ജമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കരാർ മാറുന്ന ഈ ദിവസങ്ങളിൽ അടിയന്തര എംബസി-കോൺസുലേറ്റ് സേവനങ്ങൾ ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- ടോൾ ഫ്രീ നമ്പർ: 800 46342
- വാട്‌സ്ആപ്പ് നമ്പർ: +971 54 3090571
