വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് പരാതി; മരണത്തിൽ ദുരൂഹത
വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ പ്രധാന ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ തുടങ്ങിയ പ്രധാന അവയവങ്ങളൊന്നും ശരീരത്തിലില്ലെന്നാണ് ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതോടെ മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി.
കഴിഞ്ഞ നവംബറിലാണ് രാകേഷ് ചൗഹാൻ 'എക്സ്ഫിനിറ്റി' എന്ന കമ്പനി വഴി മർച്ചന്റ് നേവി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. മേയ് മാസത്തിൽ ഇദ്ദേഹത്തിന് കപ്പലിൽ വീണ് പരിക്കേറ്റെന്നും പിന്നീട് ഹൃദയാഘാതം മൂലം മരിച്ചെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. എന്നാൽ ഒരു മാസത്തിന് ശേഷം ജൂൺ നാലിന് മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ല. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് അവയവങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയത്.
ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലെങ്കിലും പ്രധാന അവയവങ്ങൾ ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല. കഴുത്ത് മുതൽ അടിവയർ വരെയും തലയ്ക്ക് പിന്നിലും തുന്നലുകളിട്ട നിലയിലായിരുന്നു മൃതദേഹം. മരണകാരണത്തെക്കുറിച്ചോ അവയവങ്ങൾ മാറ്റിയതിനെക്കുറിച്ചോ വെനസ്വേലൻ അധികൃതരോ കമ്പനിയോ കൃത്യമായ മറുപടി നൽകിയിട്ടില്ല. വിദേശങ്ങളിൽ ഇന്ത്യൻ നാവികർ ഇരകളാക്കപ്പെടുകയാണെന്നും വെനസ്വേലയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും സീഫെറേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
