റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ നാവികരുടെ മരണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ചൊവ്വാഴ്ച റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.ചാർജ് ഡി അഫയേഴ്‌സ് പദവി വഹിക്കുന്ന വ്ലാഡിമിർ ലാഡനോവിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയത്. നാല് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണമായ ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ റഷ്യയെ നേരിട്ട് പരാമർശിച്ചിരുന്നില്ല. എന്നാൽ, ചരക്കുകപ്പലുകൾക്കും സിവിലിയൻ ജീവനക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായും. കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഖേദകരവും ഒഴിവാക്കപ്പെടേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ചയാണ് യുക്രൈനിലെ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായത്. പത്ത് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിയായ അഖിൽ ജോയനും ഉൾപ്പെടുന്നു.
