ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു; പഞ്ചാബ് സ്വദേശിനിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ

  1. Home
  2. International

ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു; പഞ്ചാബ് സ്വദേശിനിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ

image


ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമി കിരൺദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കിരൺദീപിന്റെ ഭർത്താവിനും പരുക്കേറ്റു. വീടിന് പുറത്ത് കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവം വംശീയാക്രമണമാണെന്ന് കിരൺദീപിന്റെ കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കിരൺദീപ് കുഞ്ഞിന് ജന്മം നൽകിയത്.

സംഭവത്തിൽ യുകെ പൊലീസ് ഡാനിയൽ സീൻ ജെയിംസ് എന്നയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ജനലിലൂടെ പുറത്തേക്ക് ചാടുന്നതിനിടെ ഇയാൾക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമം, മാരകായുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

രണ്ട് വർഷം മുൻപാണ് കിരൺദീപ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റ് ലഭിച്ച് അവിടെ ജോലി ചെയ്തുവരികയായിരുന്നു. മകളെ വിദേശത്തേക്ക് അയക്കുന്നതിനായി കൃഷിഭൂമി പോലും വിറ്റിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

കിരൺദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്നും, കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കളായ സുഖ്ദേവ് സിങ്ങും ബൽജീത് കൗറും ആവശ്യപ്പെട്ടു.