കുവൈത്തിൽ സന്ദർശന വിസയിലുള്ള ഇന്ത്യക്കാർ വിവരങ്ങൾ കൈമാറണം; നിർദ്ദേശവുമായി ഇന്ത്യൻ എംബസി

  1. Home
  2. International

കുവൈത്തിൽ സന്ദർശന വിസയിലുള്ള ഇന്ത്യക്കാർ വിവരങ്ങൾ കൈമാറണം; നിർദ്ദേശവുമായി ഇന്ത്യൻ എംബസി

indian passport


കുടുംബ സന്ദർശന വിസയിൽ കുവൈത്തിലെത്തിയ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ വിവരങ്ങൾ എംബസിക്ക് കൈമാറണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് വകുപ്പാണ് വിവരശേഖരണത്തിന്റെ ഭാഗമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. സന്ദർശന വിസയിലുള്ളവരുടെ പുതുക്കിയ റെക്കോർഡുകൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എംബസി വ്യക്തമാക്കിയതായി ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ തങ്ങളുടെ വിവരങ്ങൾ community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. പാസ്‌പോർട്ട് കോപ്പി, പൂർണ്ണരൂപത്തിലുള്ള പേര്, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് ഇഷ്യൂ ചെയ്ത തീയതി, കാലാവധി അവസാനിക്കുന്ന തീയതി, കുവൈത്ത് വിസയുടെ കോപ്പി എന്നിവയാണ് ഇമെയിലിൽ ഉൾപ്പെടുത്തേണ്ടത്.

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് വ്യോമപാത ഭാഗികമായി അടച്ചതോടെ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരക്കാർക്ക് ആശ്വാസമായി കുവൈത്ത് സർക്കാർ വിസ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. സന്ദർശന വിസയിൽ രാജ്യത്തുള്ളവർക്ക് ഒരു മാസവും, രാജ്യത്തിന് പുറത്തുള്ളവർക്ക് മൂന്ന് മാസവുമാണ് കാലാവധി ദീർഘിപ്പിച്ചത്. ഇതിനായി പ്രത്യേക ഫീസോ റെസിഡൻസി അഫയേഴ്‌സ് ഓഫീസുകൾ സന്ദർശിക്കുകയോ വേണ്ടതില്ല. ഫെബ്രുവരി 28 മുതലാണ് പുതുക്കിയ കാലാവധി കണക്കാക്കുക.