ഇന്ത്യ-ഒമാൻ സാമ്പത്തിക സഹകരണം; ഐ.ഒ.എൻ ബിസിനസ് സമ്മേളനം ഇന്ന് തുടങ്ങുന്നു
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളിൽ പുതിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് (ഐ.ഒ.എൻ) സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസുകൾക്ക് ഇന്ന് തുടക്കമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) പശ്ചാത്തലത്തിൽ, ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
കൃഷി, ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും സംയുക്ത സംരംഭങ്ങളുമാണ് പ്രധാനമായും ചർച്ചയാകുന്നത്. ഒമാനിൽ ഔഷധ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുക, ആയുർവേദ സസ്യങ്ങൾ കൃഷി ചെയ്ത് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുക, സലാലയിൽ ആധുനിക മത്സ്യ സംസ്കരണ പ്ലാന്റുകൾ ആരംഭിക്കുക തുടങ്ങിയ പദ്ധതികൾക്ക് സമ്മേളനം ഊന്നൽ നൽകും. ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴം-പച്ചക്കറി വിതരണത്തിനായി പ്രത്യേക ഹബ്ബ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും.
ഒമാന്റെ ‘വിഷൻ 2040’ പദ്ധതിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഈ വെർച്വൽ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഇന്ത്യ-ഒമാൻ സാമ്പത്തിക മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ള എല്ലാ സംരംഭകരെയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
