ഇൻഡിഗോ മസ്‌കത്ത്–ഹൈദരാബാദ് പ്രതിദിന സർവിസ് പുനരാരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം
വേനൽക്കാല അവധിയും യാത്രാ തിരക്കും കണക്കിലെടുത്ത് ഇൻഡിഗോ എയർലൈൻസ് മസ്‌കത്ത്–ഹൈദരാബാദ് സെക്ടറിൽ നേരിട്ടുള്ള പ്രതിദിന സർവിസുകൾ പുനരാരംഭിക്കുന്നു. മെയ് 14 മുതലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവിസ് ആരംഭിക്കുകയെന്ന് ഇൻഡിഗോ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ സ്‌കൂളുകൾ അടക്കുന്നതോടെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന തിരക്കേറിയ സീസൺ മുന്നിൽ കണ്ടാണ് ഈ നീക്കം.
പുതിയ സമയക്രമം:
ഇൻഡിഗോയുടെ പുതിയ ഷെഡ്യൂൾ പ്രകാരം 6E 1274 നമ്പർ വിമാനം എല്ലാ ദിവസവും പുലർച്ചെ 2.50-ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.45-ന് ഹൈദരാബാദിൽ എത്തും. തിരികെ ഹൈദരാബാദിൽ നിന്നുള്ള 6E 1273 വിമാനം രാത്രി 12.05-ന് പുറപ്പെട്ട് പുലർച്ചെ 1.50-ന് മസ്‌കത്തിൽ തിരിച്ചെത്തും.
അവധിക്കാലത്തെ യാത്രാ ഡിമാൻഡ് പരിഗണിച്ച് മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സർവിസുകളും മെയ് അഞ്ച് മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്സും നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം മസ്കത്ത്- കൊച്ചി, മസ്കത്ത്- കോഴിക്കോട് സെക്ടറുകളിൽ മെയ് അഞ്ച് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും. കണ്ണൂർ, തിരുവനന്തപുരം സെക്ടറുകളിലെ സർവിസുകൾ ഏപ്രിൽ ആദ്യം തന്നെ എയർ ഇന്ത്യ എക്സ്‌പ്രസ് പുനരാരംഭിച്ചിരുന്നു. എന്നാൽ സലാലയിൽ നിന്നുള്ള കേരള സർവിസുകളുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
