മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകി; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

  1. Home
  2. International

മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകി; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

trump  


ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ യു.എസ് സൈന്യം കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്ന വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കണ്ടെത്താൻ 50 ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് (പോളിഗ്രാഫ്) വിധേയരാക്കി ട്രംപ് ഭരണകൂടം. പെന്റഗണിലെ ജോയിന്റ് സ്റ്റാഫിലെ സൈനിക ഓഫീസർമാരും സാധാരണ ജീവനക്കാരും ഉൾപ്പെടെയുള്ളവരെയാണ് ഓഗസ്റ്റ് മാസത്തിൽ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

യു.എസ്-ഇറാൻ സംഘർഷത്തിനിടെ ദീർഘദൂര മിസൈലുകൾ, പാട്രിയോട്ട് ഇന്റർസെപ്റ്ററുകൾ എന്നിവയുടെ ക്ഷാമമുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും മാധ്യമ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുമായുള്ള ബന്ധം, രഹസ്യവിവരങ്ങൾ ചോർത്തൽ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായുള്ള പ്രവർത്തനം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ, പരിശോധനയിൽ പങ്കെടുത്ത ആരും വിവരങ്ങൾ ചോർത്തിയതായി തെളിഞ്ഞിട്ടില്ല.

ഒറ്റ അന്വേഷണത്തിന്റെ ഭാഗമായി ഇത്രയധികം ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് ഇതാദ്യമാണ്. വാർത്തകൾ ചോരുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പെന്റഗൺ വക്താവ് ഷോൺ പർനെൽ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും കർശന നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.