വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന; എട്ട് കടകൾ അടച്ചുപൂട്ടി, 26 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ കർശന പരിശോധനയിൽ എട്ട് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരിശോധനയുടെ ഭാഗമായി മറ്റ് 26 സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നോട്ടീസും നൽകി.
സാധുവായ മുനിസിപ്പൽ ലൈസൻസില്ലാതെ പ്രവർത്തിക്കുക, ആവശ്യമായ പെർമിറ്റുകൾ നേടാതെ അധിക സ്ഥലങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയതെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വാണിജ്യ മേഖലകളിൽ പൊതുക്രമവും സുരക്ഷയും നിലനിർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
