അന്താരാഷ്ട്ര അംഗീകാരം; നാല് സ്കൈട്രാക്‌സ് പുരസ്‌കാരങ്ങളും 5 സ്റ്റാർ പദവിയും സ്വന്തമാക്കി ഖത്തർ എയർവേസ്
അന്താരാഷ്ട്ര വ്യോമയാന രംഗത്തെ പ്രശസ്തമായ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്. വേൾഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിൽ ഈസ്റ്റ്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് (അൽ മുർജാൻ ബിസിനസ് ലോഞ്ച് - ദി ഗാർഡൻ), വേൾഡ്സ് ബെസ്റ്റ് ഓൺബോർഡ് വൈഫൈ എന്നിവയാണ് ഖത്തർ എയർവേസ് നേടിയത്. ഇതോടൊപ്പം എയർലൈൻസിന്റെ 5 സ്റ്റാർ പദവിയും കമ്പനി നിലനിർത്തി.
തുടർച്ചയായ 13-ാം തവണയാണ് മികച്ച ബിസിനസ് ക്ലാസിനുള്ള അവാർഡ് ഖത്തർ എയർവേസ് നേടുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈനായി 14-ാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർലിങ്ക് സാങ്കേതികവിദ്യ വഴി അതിവേഗ ഇന്റർനെറ്റ് നൽകുന്ന എയർലൈൻ, സ്കൈട്രാക്സ് ആദ്യമായി ഏർപ്പെടുത്തിയ ബെസ്റ്റ് ഓൺബോർഡ് വൈഫൈ പുരസ്കാരവും സ്വന്തമാക്കി.
അടുത്ത വർഷം 30-ാം വാർഷികം ആഘോഷിക്കാനിരിക്കെ ലഭിച്ച ഈ നേട്ടം 60,000-ത്തോളം വരുന്ന ജീവനക്കാരുടെ അർപ്പണബോധത്തിന്റെ ഫലമാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ ഹമദ് അൽ ഖാതിർ പറഞ്ഞു. ശൈത്യകാല സീസണിനോടനുബന്ധിച്ച് മിഡിൽ ഈസ്റ്റിലുടനീളം പ്രതിദിന സർവിസുകളിൽ 14 ശതമാനം വർധനവും എയർലൈൻ വരുത്തിയിട്ടുണ്ട്.
