ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്ന് മാസം കൂടുമ്പോഴും പുതുക്കാം; സൗദി മന്ത്രിസഭയുടെ സുപ്രധാന തീരുമാനം

  1. Home
  2. International

ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്ന് മാസം കൂടുമ്പോഴും പുതുക്കാം; സൗദി മന്ത്രിസഭയുടെ സുപ്രധാന തീരുമാനം

iqama


സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെയും സമാന വിഭാഗങ്ങളിൽപ്പെട്ടവരുടെയും റെസിഡന്റ് പെർമിറ്റുകൾ (ഇഖാമ) കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോൾ (ത്രൈമാസ അടിസ്ഥാനത്തിൽ) നൽകുന്നതിനും പുതുക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.

നേരത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായി അനുവദിച്ചിരുന്ന ഈ ത്രൈമാസ ഇഖാമ പുതുക്കൽ സംവിധാനമാണ് ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്കും (ഡൊമസ്റ്റിക് വർക്കേഴ്സ്) ബാധകമാക്കി ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിലൂടെ സ്പോൺസർമാർക്ക് വലിയ തുക ഒറ്റയടിക്ക് അടയ്ക്കാതെ മൂന്ന്, ആറ്, ഒൻപത് അല്ലെങ്കിൽ പന്ത്രണ്ട് മാസത്തേക്ക് ആവശ്യാനുസരണം ഇഖാമ പുതുക്കാൻ സാധിക്കും.

ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം എന്നിവയിലൂടെ കണ്ടുകെട്ടുന്ന ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനത്തിനും യോഗം അംഗീകാരം നൽകി. തീവ്രവാദ ധനസഹായ വിരുദ്ധ നിയമത്തിലും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികൾക്കും, രാജ്യത്തെ വിനോദ മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾക്കും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.